2016, ഏപ്രിൽ 2, ശനിയാഴ്‌ച

ആബേലച്ചൻ: നിത്യതയുടെ പാട്ടുകാരൻ


ആബേലച്ചൻ: നിത്യതയുടെ പാട്ടുകാരൻ
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^



2001 ഒക്ടോബർ 25 : അസഹ്യമായ കാൽമുട്ട് വേദനയുടെ ചികിത്സാർത്ഥം ആണ് ആബേലച്ചൻ തൊടുപുഴയിലുള്ള ചരകാസ് ആയുർവേദ ആശുപത്രിയിൽ പോകുന്നത്. അവിടെ താമസിച്ചുള്ള ചികിത്സ ആയിരുന്നു ലക്‌ഷ്യം. തിരുമ്മലും കിഴികളും ഒക്കെ ഉൾപ്പെട്ട ചികിത്സ തുടങ്ങി. 
27 ാം തിയതി ശനിയാഴ്ച. വൈകിട്ട് 5 മണിക്കതെ വി.കുർബാനയിൽ സംബന്ധിച്ചതിന് ശേഷം തന്റെ റൂമിൽ എത്തി. അല്പസമയത്തെ നിശ്ശബ്ദതക്ക് ശേഷം തന്റെ സഹായി ആയ ചെറുപ്പക്കാരനോട് ആ ദീര്ഘദർശി ഇങ്ങനെ ചോദിച്ചു.

"നിനക്ക് മരണത്തെ പേടി ഉണ്ടോ?"

പരിഭ്രമിച്ചുപോയ ആ ചെറുപ്പക്കാരൻ പറഞ്ഞു.
"ഉണ്ട് അച്ചോ, എനിക്ക് മരണത്തെ പേടിയാണ്"

"എങ്കിൽ ഞാൻ നിന്നെ ഒന്ന് പേടിപ്പിച്ചോട്ടെ?"

ഇങ്ങനെ ചോദിച്ചുകൊണ്ട് അദ്ദേഹം തന്റെ കട്ടിലിലേക്ക് കിടന്നു. ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരിയും ഒളിപ്പിച് വെച്ചുകൊണ്ട് മരണത്തിലേക്ക് വളരെ പതിയെ നടന്ന് പോകുകയായിരുന്നു മഹാ പ്രതിഭയായ, കലാഭവന്റെ ആ അമരക്കാരൻ.

*****************************************

കേരള സുറിയാനി കത്തോലിക്കാ സഭയിലെ സി.എം.ഐ. സന്യാസ സമൂഹത്തിൽ വൈദികനായിരുന്നു ആബേലച്ചൻ. 1920 ഇൽ പേരിയാപുറത് മത്തൻ കുഞ്ഞേലി ദമ്പതികളുടെ മകനായി ജനനം. നന്നേ ചെറുപ്പത്തിലെ സാഹിത്യത്തോട് ആഭിമുഖ്യം പുലർത്തിയിരുന്നു. ചങ്ങമ്പുഴയുടെയും കുമാരനാശാന്റേയും രചനകളോടായിരുന്നു കൂടുതൽ ആഭിമുഖ്യം. സ്കൂൾ വിദ്യാഭ്യാസ കാലത്തുതന്നെ കവിതകൾ എഴുതിയിരുന്നു. "അർഥം അനർത്ഥം മൂലം" ആയിരുന്നു ആദ്യം പ്രസിദ്ധീകരിച്ച സൃഷ്ടി. മന്നാനത്തുനിന്നും ഉള്ള കർമലകുസുമത്തിലായിരുന്നു ഇത്.

ഇരുപതാം വയസിൽ സി.എം.ഐ. സന്യാസ സഭയിൽ വൈദികാർത്ഥിയായി ചേർന്നു.മാന്നാനം, തേവര, കൂനമ്മാവ് എന്നിവിടങ്ങളിലെ സി.എം.ഐ. ആശ്രമങ്ങളിൽ വൈദിക പഠനവും മംഗലാപുരത്ത് ഉന്നത പഠനവും പൂർത്തിയാക്കിയശേഷം 1951-ൽ സഭാവസ്ത്രം സ്വീകരിച്ചു. 1952-ൽ കോട്ടയത്ത് ദീപിക ദിനപ്പത്രത്തിൽ ചേർന്നു. തൊട്ടടുത്ത വർഷം റോമിലേക്ക് പോയി. അവിടെ ഇൻറർനാഷണൽ യൂണിവേഴ്സിറ്റി ഓഫ് റോമിൽനിന്ന് ജേർണലിസം ആൻറ് പൊളിറ്റിക്കൽ സയൻസിൽ ഡോക്ടറേറ്റ് നേടി.

കേരളത്തിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം 1957-1961 കാലയളവിൽ ദീപിക ദിനപ്പത്രത്തിന്റെ മാനേജിംഗ് ഡയറക്ടറായി പ്രവർത്തിച്ചു. അദ്ദേഹം തുടക്കം കുറിച്ച ദീപിക ചിൽഡ്രൻസ് ലീഗ് (ഡി.സി.എൽ.) വളരെ പെട്ടെന്ന് കുട്ടികളുടെ വലിയ കൂട്ടായ്മയായി വളർന്നു. ഡി.സി.എലിന്റെ അമരക്കാരൻ എന്ന നിലയിൽ ഏറെ ഖ്യാതി നേടിയ അദ്ദേഹം കൊച്ചേട്ടൻ എന്ന തൂലിക നമത്തിലാണ് രചനകൾ പ്രസിദ്ധീകരിച്ചിരുന്നത്. കുട്ടികൾക്ക് വേണ്ടിയുള്ള ദീപികയുടെ പ്രസിദ്ധീകരണമായ കുട്ടികളുടെ ദീപിക യുടെ ആശയവും ഇദ്ദേഹം ആയിരുന്നു.1961 മുതൽ 1965 വരെ കോഴിക്കോട് ദേവഗിരി കോളേജ് ആധ്യാപകനായിരുന്നു.

******************************************

ആഗോള കത്തോലിക്കാ സഭയിൽ മാറ്റത്തിന്റെ കാറ്റ് വീശിയടിച്ച വർഷമായിരുന്നു 1962. ആബേലച്ചന്റെ ജീവിതത്തിലും ഇത് വളരെ നിർണായകമായി. ഇ കൊല്ലം റോമിൽ വച്ച നടന്ന രണ്ടാം വത്തിക്കാൻ കൗൺസിലിൽ ആരാധനക്കും കുര്ബാനക്കും പ്രാദേശിക ഭാഷകൾ ഉപയോഗിക്കാം എന്ന തീരുമാനം ഉണ്ടായി. ഇതിനായി ആരാധനക്രമം മുഴുവൻ മലയാളത്തിലേക്ക് തർജമ ചെയ്യാൻ കർദിനാൾ ജോസഫ് പറേകാട്ടിൽ തീരുമാനിച്ചു.
ആബേലച്ചന്റെ പ്രതിഭയും സുറിയാനി ഭാഷയിൽ ഉള്ള അഗാധമായ പാണ്ഡിത്യവും മുൻപേ അറിയാമായിരുന്ന കർദ്ദിനാൾ ജോസഫ് പാറേക്കാട്ടിൽ സീറോ മലബാർ സഭയുടെ ആരാധനാക്രമം സുറിയാനിയിൽനിന്നും മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യുന്നതിന് നിയോഗിച്ചത് അദ്ദേഹത്തിന്റെ ജീവിതത്തിലും സഭയുടെ ചരിത്രത്തിലും സാംസ്കാരിക ലോകത്തും പുതിയ വഴിത്തിരിവായി.

മലയാളികൾക്ക് ദുർഗ്രാഹ്യമായിരുന്ന സുറിയാനി ആരാധനാക്രമവും ഗാനങ്ങളും അദ്ദേഹം ലളിത സുന്ദര മലയാളത്തിലേക്ക് മൊഴിമാറ്റി. ആരാധനാ ക്രമം, കാനോന നമസ്കാരം, പാട്ട് കുർബാന, വിശുദ്ധവാര തിരു കർമം, വെഞ്ചരിപ്പുകൾ, മൃതസംസ്കാരഗീതങ്ങൾ തുടങ്ങി 20 ഓളം പുസ്തകങ്ങളിലായി അവയിലെ മുഴുവൻ പ്രാർത്ഥനകളും 1000 ഓളം ഗാനങ്ങളുംഅദ്ദേഹം രചിച്ചു. അദ്ദേഹം രചിച്ച്, കെ.കെ. ആന്റണി ഈണം പകർന്ന നൂറുകണക്കിന് ക്രിസ്തീയ ഭക്തിഗാനങ്ങൾ ജനഹൃദയങ്ങളിൽ ഇന്നും നിറഞ്ഞു നിൽക്കുന്നു. കേരളത്തിൽ ക്രിസ്തീയ ഭക്തിഗാനങ്ങൾ കാസട് റെക്കോര്ഡുകലാക്കി പുറത്തിറക്കിയത് അദ്ദേഹം ആയിരുന്നു.

ലളിതവും കാവ്യാത്മകവുമായ വരികളായിരുന്നു ആ ഗാനങ്ങളുടെ സവിശേഷത. സുറിയാനിയിൽ നിന്നുമുള്ള പദാനു പദ വിവർത്തനങ്ങളിൽ പോലും മലയാളത്തിന്റെ സൗന്ദര്യം അദ്ദേഹം ആവാഹിച്ചു. സീറോ മലബാർ സഭയുടെ തിരുക്കർമങ്ങളിൽ ഉപയോഗിക്കുന്ന ഗാനങ്ങളിൽ ഭൂരിഭാഗകവും ആബേലച്ചന്റെ രചനകളാണ്. അന്നുതോട്ട് ഇന്നുവരെ സീറോ മലബാറുകാരുടെ മൃതസംസ്‌കാര കര്മങ്ങൾക് ഉപയോഗിക്കുന്നത് ആബേലച്ചന്റെ വരികൾ ആണ്. അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങിൽൽ ഉൾപ്പെടെ





*****************************************

കലാഭവൻ:




1965 ഇൽ എറണാകുളം ബ്രോഡ് വേ യിൽ ക്രിസ്ത്യൻ ആർട്സ് ക്ലബ്ബ് എന്ന പേരിൽ ആരംഭിച്ച പ്രസ്ഥാനമാണ് ഇന്ന് കലാഭവൻ എന്നപേരിൽ വളർന്ന് പടർന്ന് പന്തലിച്ചു നില്കുന്നത്.
എറണാകുളം അതിരൂപതാമെത്രാസന മന്ദിരത്തോടനുബന്ധിച്ചുള്ള ചെറിയ മുറിയിൽ ലളിതമായ രീതിയിൽ ആയിരുന്നുഇത് തുടങ്ങിയത്.

1974 ഓഗസ്റ്റ് 15-ന് കർദ്ദിനാൾ ജോസഫ് പാറേക്കാട്ടിൽ എറണാകുളം നോർത്തിൽ ടൗൺഹാളിനു സമീപം കലാഭവന്റെ കെട്ടിടത്തിന് ശിലാസ്ഥാപനം നിർവഹിച്ചു. ആബേലച്ചനും - ആന്റണി മാസ്റ്ററും ചേർന്നൊരുക്കിയ ഭക്തിഗാനങ്ങൾ അടങ്ങുന്ന കാസെറ്റുകൾ കലാഭവൻ പുറത്തിറക്കി. ഗാനമേളയിലേക്കും മിമിക്സ് പരേഡിലേക്കും ചുവടു മാറ്റിയതോടെ ആബേലച്ചന്റെയും കലാഭവന്റെയും ഖ്യാതിയേറി.

അക്കാലം വരെ വ്യക്തിഗത ഇനമായി അവതരിപ്പിച്ചിരുന്ന മിമിക്രി, കലാഭവന്റെ ഗാനമേളകൾക്കിടയിലും പരീക്ഷിച്ചിരുന്നു. ഏതാനും കലാകാരൻമാരെ ഒന്നിച്ച് അണിനിരത്തി മിമിക്സ് പരേഡ് എന്ന കലാരൂപത്തിന് തുടക്കം കുറിച്ചത് ആബേലച്ചനാണ്.

ഇന്ന് ചലച്ചിത്ര നടനും സംവിധായകനും നിർമാതാവുമായ ലാൽ, സംവിധായകൻ സിദ്ദിഖ്, ജയറാം, വർക്കിയച്ചൻ പെട്ട തുടങ്ങിയവരായിരുന്നു ആദ്യകാല മിമിക്സ് പരേഡ് സംഘത്തിലുണ്ടായിരുന്നത്. പിൽക്കാലത്ത് ഇവരുടെ പാത പിന്തുടർന്ന് ഒട്ടേറെ കാലാകാരൻമാർ കലാഭവനിലും അതുവഴി മലയാള സിനിമയിലുമെത്തി.

അൻസാർ കലാഭവൻ, കലാഭവൻ മണി, കലാഭവൻ റഹ്മാൻ, കലാഭവൻ നവാസ്, കലാഭവൻ ഷാജോൺ, മനുരാജ് കലാഭവൻ, തെസ്നി ഖാൻ, ഗായിക സുജാത തുടങ്ങി കലാഭവനിൽനിന്ന് ചലച്ചിത്ര രംഗത്ത് എത്തിയവർ അനവധിയാണ്. കലാഭവനെ പിന്തുടർന്ന് എറണാകുളം നോർത്തിൽ കൂടുതൽ മിമിക്സ് പരേഡ് സംഘങ്ങൾ പ്രവർത്തനമാരംഭിച്ചു. കേരളത്തിൽ അങ്ങോളമിങ്ങോളം അലയടിച്ച മിമിക്സ് പരേഡ് തരംഗത്തിന്റെ തുടക്കമായിരുന്നു അത്.


ആബേലച്ചന്റെ പതറാത്ത ആത്മ വിശ്വാസം, വിട്ടുവീഴ്ചയില്ലാത്ത കഠിനാധ്വാനം എന്നിവയുടെ അകെ തുക ആയിരുന്നു കലാഭവൻ. ഒരിക്കൽ അദ്ദേഹം കലാഭവനെ പറ്റി ഇങ്ങനെ പറഞ്ഞു,

"1965 ഇൽ ആണ് ഞാൻ ഈ മലകയറ്റം ആരംഭിച്ചത്. അന്ന് ലക്ഷ്യസ്ഥാനത്തെപ്പറ്റി എനിക്കൊരു കണക്കുകൂട്ടല്ും ഉണ്ടായിരുന്നില്ല. എത്ര ദൂരം പിന്നിട്ടെന്നോ ഇനി എത്ര ദൂരം പിന്നിടനുണ്ടെന്നോ ഇന്നും എനിക്കറിയില്ല. ദൈവം കാണിച്ച തന്ന വഴിയിലൂടെ ഞാൻ നടന്നു. പ്രതിബന്ധങ്ങൾ ഒട്ടേറെ ഉണ്ടായി. ചിലയിടത് ഹർഷാരവത്തിൽ മുങ്ങിയ കയ്യടികൾ കെട്ടിരുന്നെങ്കിലും ചിലരെല്ലാം വിധ്വെഷഭാവത്തിൽ കല്ലെറിഞ്ഞു. കയ്യടി കേട്ട് ഞാൻ മയങ്ങി നിന്നില്ല, കല്ലുകളൊന്നും ഞാൻ തിരിച്ചറിഞ്ഞില്ല. ആ കല്ലുകളോക്കെ പെറുക്കി കൂട്ടി ഞാൻ കലാഭവൻ പണിതു"

ഉപകരണ സംഗീതവും നൃത്തവുമുൾപ്പെടെ വിവിധ വിഷയങ്ങളിൽ പരിശീലനം ആരംഭിച്ചതോടെ വിദൂര ജില്ലകളിൽനിന്നുവരെ കുട്ടികൾ കലാഭവനിലേക്ക് ഒഴുകി.

അധികം വൈകാതെ കേരളത്തിനു പുറത്തും വിദേശ രാജ്യങ്ങളിലും കലാഭവന്റെ ഖ്യാതിയെത്തി. യൂറോപ്പിൽനിന്നും ഗൾഫ് രാജ്യങ്ങളിൽനിന്നും ബുക്കിംഗുകൾ പ്രവഹിച്ചപ്പോൾ ആബേലച്ചനും കലാകാരൻമാർക്കും വിശ്രമമില്ലാതായി. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ആബേലച്ചന്റെ നേതൃത്വത്തിലുള്ള കാലാഭവൻ സംഘത്തെ മലയാളികൾ നിറമനസോടെ വരവേറ്റു.



With kalabhavan team


ശിഷ്യരോട് അദ്ദേഹത്തിന് പിതൃതുല്യമായ സ്നേഹം ആയിരുന്നു. സംസാരത്തിലും പ്രവർത്തിയിലും അദ്ദേഹം നർമം ഒളിപ്പിച്ചു വച്ചു. ഒരിക്കൽ കലാഭവനിൽ ജോലി അന്വേഷിച്ചെത്തിയ ഒരാൾ അച്ഛനോട് ഇങ്ങനെ പറഞ്ഞു.
"എനിക്ക് 5 സഹോദരി മാരാണ്. അകെ ബുദ്ധിമുട്ടിലുമാണ്. എന്നെ കലാഭവനിൽ എടുക്കണം"
ഇതുകേട്ട് അച്ഛൻ അടുത്തിരുന്ന സഹായിയോട്, "നമ്മുടെ അടുത്ത പ്രോഗ്രാം തൃശൂർ ശക്തൻ തമ്പുരാൻ മൈതാനത്തല്ലേ?അവിടെ ആകെ എത്ര പേര് കാണാൻ വരുമായിരിക്കും?"
25000 എങ്കിലുംവരും എന്ന് സഹായി മറുപടി നൽകി. തുടർന്ന് അച്ഛൻ കാണാൻ വന്ന ആളോട്
"എടൊ ഞാൻ നിന്നെ കലാഭവനിൽ എടുത്താൽ 25000 പേര് ബുദ്ധിമുട്ടും. ഇപ്പോൾ അകെ 5 പേരല്ലേ ബുദ്ധിമുട്ടുന്നുള്ളൂ?നീ പറ, ഞാൻ ആരെ ബുദ്ധിമുട്ടികണം?"

തനിക്ക് കിട്ടിയ സർഗസമ്പത്തിന്റെ താലന്തുകൾ മണ്ണിൽ കുഴിച്ചിടാതെ കലാഭവനിലൂടെ 100 ഇരട്ടിയായി അദ്ദേഹം സമൂഹത്തിലേക്ക് പകർന്ന് നൽകി.

*****************************************

ദർശനം: ദൈവത്തെപ്പറ്റിയും ജീവിതത്തെപ്പറ്റിയും മരണത്തെപ്പറ്റിയും വളരെ വത്യസ്തമായ കാഴ്ചപ്പാടുകൾ ആയിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. അത് അദ്ദേഹത്തിന്റെ ഗാനങ്ങളിൽ നിന്നും വായിച്ചെടുക്കാം.
"ഈശ്വരനെ തേടി ഞാൻ നടന്നു" എന്ന ഗാനം അതിന് ഉത്തമ ഉദാഹരണം ആണ്. ദൈവത്തെ പുറമെ തിരയാതെ, നമ്മുടെ ഉള്ളിൽ തന്നെ കുടികൊള്ളുന്ന ഈശ്വരനെ കണ്ടെത്താൻ അദ്ദേഹം ആവശ്യപെടുന്നു.

അതുപോലെതന്നെ മരണത്തെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ ചിന്തകൾ നമ്മെ ഒട്ടൊന്ന് അത്ഭുതപ്പെടുത്തും.

"ആഴികടക്കും വർത്തകരെ പോൽ
ഊഴിയിൽ അങ്ങനെ നീങ്ങുന്നു നാം
കരയെത്തുമ്പോൾ ധനമില്ലാതോർ
കരയും മാറ്റവർ ആനന്ദിക്കും
ശാശ്വതമാം ധനം ഉള്ളവരെല്ലാം
അന്ത്യദിനത്തിൽ വിജയം നേടും"

ജീവിതത്തേയും മരണത്തെയും ഒരു കപ്പൽ യാത്രയോടാണ് അദ്ദേഹം ഉപമിച്ചിരിക്കുന്നത്. അതുപോലെ തന്നെ ഭ്രമാത്മക കല്പനകൾ നിറഞ്ഞതായിരുന്നു "വിടവാങ്ങുന്നേൻ" എന്ന ഗാനവും. മൃതസംസകാരവേളയിൽ സുറിയാനി കത്തോലിക്കാ ക്രിസ്ത്യാനികളിലെ ഒരു തലമുറയെ ദുഃഖത്തിൽ ആഴ്‌ത്തിയ ഗാനം എന്ന് പറഞ്ഞൽ പോലും ഒട്ടും അതിശയോക്തി ആവില്ല.

*****************************************

അവസാനകാലം ആയപ്പോൾ അദ്ദേഹം മരണത്തെ പ്രതീക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്നു.
"ഞാൻ ചെയ്യേണ്ടേത് ചെയ്ത കഴിഞ്ഞു. മരണത്തെ ഞാൻ സ്നേഹിച്ചു തുടങ്ങി. പക്ഷെ മരിക്കാൻ എനിക്ക് സമയം കിട്ടുന്നില്ല" എന്ന് തന്റെ അവസാനകലത് ഒരിക്കൽ അദ്ദേഹം പറഞ്ഞു. മരണം തന്റെ തൊട്ട് പിറകിൽ കാല്പാടുകൾ പിന്തുടരുന്നത് അദ്ദേഹം മനസിലാക്കിയിരിക്കം.

മൃതസംസ്കാര ഗീതങ്ങളിൽ അദ്ദേഹം ഇങ്ങനെ എഴുതി.

"മങ്ങിയോരന്തി വെളിച്ചത്തിൽ
ചെന്തീ പോലൊരു മാലാഖ
വിണ്ണിൽ നിന്നെൻ മരണത്തിന്
സന്ദേശവുമായ് വന്നരികിൽ
കെട്ട്നടുങ്ങി മനമുരുകി
ഭീതി വളർന്നെന് സ്വരമിടറി
മിഴിനീർ തൂകി ഉണർത്തിച്ചു
ഞാൻ ഒരുനിമിഷം ഒരുങ്ങട്ടേ?
ദൂതൻ പ്രാർത്ഥന കേട്ടില്ല
സമയം തെല്ലും നല്കീല
മൃതിയുടെ പിടിയിലമർന്നു ഞാൻ
നാഥാ നീ താൻ ആലംബം"

ആബേലച്ചന്റെ വാക്കുകൾ അന്വര്ഥമായി. മങ്ങിയ അന്തിവെളിച്ചത്തിൽ തന്നെ മരണം തേടി എത്തി. മരണസമയത്ത് ദൂതൻ സന്ദേശവുമായി വന്നുകാണുമോ? വന്നിട്ടുണ്ടെങ്കിൽ തന്നെ സമയം നീട്ടിനല്കാൻ അദ്ദേഹം അപേക്ഷിച്ചിട്ടുണ്ടാവില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ